Sun. Nov 17th, 2024
കൊച്ചി:

രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയിൽ ഉറപ്പുനൽകി.

കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ് ശർമ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് വിജ്ഞാപനം രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുൻപ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചത്. തിരഞ്ഞെടുപ്പ് മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് മാറ്റിവെച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുള്ള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയിൽ വാദിച്ചു.

ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുൻപ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാൻ നിർദ്ദേശം നൽകിയത്. മറ്റന്നാൾ കേസിൽ വിശദമായി കോടതി വാദം കേൾക്കും.

By Divya