Sat. Nov 23rd, 2024
എടത്വാ:

വോട്ടെടുപ്പിന് നിയോഗിച്ച പോളിങ് ഓഫീസര്‍ ബൂത്ത് ഓഫീസില്‍ നിന്ന് മുങ്ങി. റിട്ടേണിങ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പൊലീസ് വീട്ടില്‍ നിന്ന് പിടികൂടി.

തലവടി 130-ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോര്‍ജ് അലക്സാണ് മുങ്ങിയത്. പോളിങ് സാധനങ്ങള്‍ തലവടിയിലെ ബൂത്തില്‍ എത്തിക്കുന്നതുവരെ ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. വൈകിട്ടോടെ ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അടുത്തുണ്ടെന്ന്  മറുപടി നല്‍കി.

രാത്രി വൈകിയും എത്താത്തതിനെ തുടര്‍ന്ന് സഹ ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തിലാണ് ഇയാളെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് ഈ ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തു. ബൂത്തില്‍ പുതിയ ഓഫീസറെ നിയമിച്ചു.

കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണ് വീട്ടില്‍ പോകാന്‍ കാരണമെന്ന് കസ്റ്റഡിയിലായ ജോര്‍ജ് അലക്സ് പറഞ്ഞു. ശാരീരിക അവശത മറ്റ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താതെ വീട്ടില്‍ പോയ നടപടി  തികച്ചും തെറ്റായിപ്പോയെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.

By Divya