തിരുവനന്തപുരം:
നാടും നഗരവും ഇളക്കി മറിച്ച മൂന്നാഴ്ച നീണ്ട പ്രചാരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46309 വോട്ടര്‍മാര്‍ ആരു വാഴും ആര് വീഴുമെന്ന് ഇന്ന് വിധിയെഴുതും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം പോളിങ് സ്റ്റേഷനുകളോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പ്. 40771 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15000 ത്തോളം പോളിംഗ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിഓരേോ നിയമസഭാ മണ്ഡലത്തിലും പോളിംഗ് സാമാഗ്രികള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു.
വോട്ടിംഗ് മെഷിനും വിവിപാറ്റും അടങ്ങുന്ന കിറ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി. സാനിറ്റൈസറിനും, മാസ്കിനും പുറമേ ഓരോ ബൂത്തിലും ഒരു പിപിഇ കിറ്റും നല്‍കിയിട്ടുണ്ട്. രാവിലെ 6 മണിക്ക് സ്ഥാനാര്‍ത്ഥികളുടെ ഏജന്‍റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷിന്‍റെ പ്രവര്‍ത്തനം ഉറപ്പാക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്.
കൊവിഡ് ബാധിതര്‍ക്കും, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും 6 മുതല്‍ 7 വരെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകിട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. 59000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇരട്ട വോട്ട് തടയാൻ ഇടുക്കിയിലെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കേന്ദ്രസേനയെ ജില്ലാ ഭരണകൂടം വിന്യസിച്ചു.
ഹൈക്കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ ഭരണകൂടം സേനയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
കേന്ദ്രസേനക്കൊപ്പം പൊലീസും റവന്യു ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ചെക്ക്‌പോസ്റ്റുകളിൽ ഉണ്ടാകും. സമാന്തര, വനപാതകളിലും നിരീക്ഷണം ഉണ്ടാകും. കഴിഞ്ഞ തവണ ആളുകളെ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ കമ്പംമേട്ട് ചെക്ക് പോസ്റ്റിലാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.