Mon. Apr 7th, 2025 11:07:28 PM
കൊല്ലം:

 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിച്ചു കൊണ്ടുള്ള പ്രസംഗം ആത്മാർത്ഥതയില്ലാത്തതെന്ന് എൻ കെ പ്രേമചന്ദ്രൻ. ആത്മാർത്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ച ബില്ലിനെ ബിജെപി എതിർത്തു. നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാനുള്ള നാടകമാണ് പ്രധാനമന്ത്രി കോന്നിയിൽ നടത്തിയതെന്നും പ്രേമചന്ദ്രൻ വിമര്‍ശിച്ചു.

ശബരിമല വിഷയത്തിൽ സത്യസന്ധവും ആത്മാർത്ഥതയുമുള്ള നിലപാടെടുത്തത് യുഡിഎഫ് മാത്രമാണ്. എൽഡിഎഫ് ഇപ്പോഴും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. എല്‍ഡിഎഫ് നേതാക്കൾ ഇപ്പോഴും വിശ്വാസികളെ അധിക്ഷേപിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്റെ പശ്ചാത്താപവും വോട്ടിന് വേണ്ടി മാത്രമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിന് എതിരായ വികാരം സിപിഎമ്മിൽ തന്നെയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളെ സ്നേഹിക്കുന്നവർ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎമ്മിൽ പിണറായിയുടെ സമ്പൂർണ ആധിപത്യമാണ് നടക്കുന്നതെന്നും പാർട്ടി കൊടികളിൽ വരെ പിണറായിയുടെ ചിത്രമാണെന്നും പ്രേമചന്ദ്രൻ വിമര്‍ശിച്ചു.