Wed. Jan 22nd, 2025
തിരുവനന്തപുരം:

 
ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തത്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷിൻ്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവിൽ അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരേയും ഇത്തരം കേസുകൾ മെനഞ്ഞെടുക്കാമെന്നും കോടിയേരി പറഞ്ഞു.

മക്കൾക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം തൻ്റെ ആരോഗ്യപ്രശ്നങ്ങളും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇതാദ്യമായാണ് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയാൻ ബിനീഷിനെതിരെയുള്ള കേസുകളും കാരണമായെന്ന് കോടിയേരി വെളിപ്പെടുത്തുന്നത്. കോടിയേരി സ്ഥാനമൊഴിഞ്ഞത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നായിരുന്നു നേരത്തെ പാർട്ടിയുടെ വിശദീകരണം.