Fri. Nov 22nd, 2024
തിരുവനന്തപുരം:

 
ചൊവാഴ്ചത്തെ നിയമസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സംസ്ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരും.

സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 ഇലക്ഷന്‍ സബ്ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 24,788 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ അടക്കം 59,292 പൊലീസ് ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നത്. ഇവരില്‍ 4405 സബ് ഇന്‍സ്‌പെക്ടര്‍മാരും 784 ഇന്‍സ്‌പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉള്‍പ്പെടുന്നു. സിവില്‍ പൊലീസ് ഓഫീസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്കിലുള്ള 34,504 പേരും ഡ്യൂട്ടിക്കുണ്ടാകും.

ലോക്കല്‍ പൊലീസിന് പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പൊലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, വനം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, മോട്ടോര്‍ വാഹനം എന്നീവിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ കേന്ദ്രസേനാ വിഭാഗങ്ങളില്‍ നിന്നുള്ള 140 കമ്പനി സേനയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്.