Wed. Jan 22nd, 2025
തിരുവനന്തപുരം:

പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ ശ്രീധരന് വിജയാശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ ഇവിടെ നമുക്കൊരു വ്യക്തിത്വമുണ്ടെന്നും അത് ഇ ശ്രീധരനാണെന്നും മോഹന്‍ലാല്‍ പറയുന്നു.

‘കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസങ്ങള്‍കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വെ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിയ ധിഷണശാലി. ദല്‍ഹിയും കൊച്ചിയുമടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ധീരനായ രാഷ്ട്ര ശില്‍പി.

ഏല്‍പ്പിച്ച ജോലി സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി ബാക്കി തുക സര്‍ക്കാരിനെ തിരികെ ഏല്‍പ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച നമ്മുടെ സ്വന്തം മെട്രോ മാന്‍ ശ്രീ ഇ ശ്രീധരന്‍ സര്‍.

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്, ശ്രീധരന്‍ സാറിന് എന്റെ എല്ലാ വിധ വിജയാശംസകളും’ മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

ഇത്തവണ നിയമസഭ
തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഗണേഷ് കുമാറിന് വിജയാശംസകള്‍ അറിയിച്ചുകൊണ്ടും കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു.

By Divya