Fri. Nov 22nd, 2024
കണ്ണൂർ:

നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്  ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി  ഒരിടത്തും നല്‍കിയിട്ടില്ലെന്ന് അവധിയിൽ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

ഇനി മല്‍സരിക്കാനില്ലെന്ന ഇപി ജയരാജന്‍റെ പ്രസ്താവന അഭിപ്രായപ്രകടനം മാത്രമാണ്.  വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതാണെന്നും കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു. മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല.

ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്‍റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു. ബോംബ് ബോംബ് എന്ന് കുറെ ആയി പറയുന്നു.

അങ്ങനെ പറയുന്നവര്‍ ഇപ്പോൾ ചില പടക്കങ്ങൾ പൊട്ടിട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം പേടിക്കില്ല. ഒന്നും ഫലിക്കാത്തതു കൊണ്ട് ഇപ്പോൾ പ്രതിക്ഷം പൂഴിക്കടകൻ പ്രയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാൽ അതും നേരിടും. വിനോദിനിക്ക് കസ്റ്റംസ് നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണ്. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത് മുതലെടുക്കാൻ യുഡിഎഫും ശ്രമിക്കുന്നതിന്‍റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു.

ഇനി മത്സരിക്കാനില്ലെന്ന ഇ പി ജയരാജന്റെ നിലപാട് വ്യക്തിപരമാണ്. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ എല്ലാം തീരുമാനം എടുക്കുക.

By Divya