ചെന്നൈ:
തൻ്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തൻ്റെ പേര് സ്റ്റാലിനെന്നാണെന്നും ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എൻ്റെ പേര് സ്റ്റാലിന്‍ എന്നാണ്. അടിയന്തരാവസ്ഥയേയും ‘മിസ’യേയും വരെ നേരിട്ടവനാണ് ഞാന്‍. ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങനെ മോദിയുടെ അടിമകളായി മാറാന്‍ ഞങ്ങള്‍ എഐഎഡിഎംകെ നേതാക്കളല്ല’, സ്റ്റാലിന്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയോടെയാണ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ് ഉണ്ടായത്. ചെന്നൈയിലെ നീലാംഗരൈയിലെ വീട്ടിലാണ് റെയ്ഡ്. സ്റ്റാലിന്റെ മകള്‍ സെന്താമരൈ, ഭര്‍ത്താവ് ശബരീഷന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ഇത്തവണ ഡിഎംകെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലങ്ങളെല്ലാം നല്‍കുന്ന സൂചന.
ബിജെപിക്ക് തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞിരുന്നു.
പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയപ്പോള്‍ പളനി സ്വാമി എന്തുകൊണ്ട് അതിന് വിസമ്മതിച്ചുവെന്നും സ്റ്റാലിന്‍ ചോദിച്ചിരുന്നു.