Mon. Dec 23rd, 2024
ഗുവാഹത്തി:

കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോള്‍. താന്‍ ഇവിഎം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തൻ്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നും പോള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുകയായിരുന്നെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് കൃഷ്‌ണേന്ദു പോള്‍ പറഞ്ഞത്.

‘ എൻ്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അദ്ദേഹം അനുസരിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഞാന്‍ എന്ന് കാണിക്കുന്ന ഒരു പാസ്സ് ഞാന്‍ വാഹനത്തില്‍ വെച്ചിരുന്നു. അത് അവര്‍ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന് അവര്‍ക്കും അറിയില്ലായിരിക്കാം. അതുകൊണ്ടാവാം സഹായം ചോദിച്ചത്, കൃഷ്‌ണേന്ദു പറഞ്ഞു.

അതേസമയം അസമില്‍ ബിജെപി നേതാവിൻ്റെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാനായിരുന്നു ബിജെപി നേതാവിൻ്റെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കൊണ്ടു പോകുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പാര്‍ത്തന്‍കണ്ടിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് കൃഷ്ണേന്ദു പോള്‍. കരിംഗഞ്ചില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബിജെപിയുടെ എംഎല്‍എയുടെ വാഹനത്തില്‍ ഇവിഎം മെഷീന്‍ കയറ്റിക്കൊണ്ടുപോവുന്നതായുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നത്.

സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുകൊണ്ടുപോകേണ്ടതിന് പകരമായിരുന്നു പോളിങ്ങിന് ശേഷം ഇവിഎം ബിജെപി എംഎല്‍എയുടെ കാറില്‍ കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു.
ഇവിഎം കയറ്റിയ വാഹനം നാട്ടുകാര്‍ തടയുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥരും ബിജെപി എംഎല്‍എയും ചില പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. എന്നാല്‍ പോളിങ് കഴിഞ്ഞ് ഇവിഎമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തന്നപ്പോള്‍ അതില്‍ കയറുകയായിരുന്നുവെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

By Divya