തിരുവനന്തപുരം:
ഇരട്ട വോട്ട് ഉന്നയിച്ച് വോട്ടര്‍മാരുടെ വിവരങ്ങൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സിപിഎം. ഇരട്ട വോട്ട് ആരോപണമുയർത്തിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത് സിംഗപൂരിൽ സെർവറുള്ള വെബ് സൈറ്റിലാണ്. ഇതിലൂടെ സ്വകാര്യ വിവരങ്ങൾ ചെന്നിത്തല ചോർത്തിയെന്നും ഇത് ഗൗരവമായ നിയമ പ്രശ്നമാണെന്നും പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ആരോപിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാജ വോട്ട് ആരോപണമാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. നാലര ലക്ഷം ഇരട്ട വോട്ടുകളുടെ പട്ടികയാണ് വെബ്‌സൈറ്റ് ഉണ്ടാക്കി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഓപ്പറേഷന്‍ സ്വിന്‍സ് (www.operationtwins.com) എന്ന വെബ്സൈറ്റിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടുണ്ടെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.