Mon. Dec 23rd, 2024

കൊച്ചി:

സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ എന്ന പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഗുരുതര പിഴവെന്ന് ആരോപണം. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ വോട്ടുകൾ കള്ള വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. അമൽ ഘോഷ് എസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് തെളിവുകൾ ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.

കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34 അക്ഷയ്, 35 അഭിഷേക് എന്നിങ്ങനെ  ഇരട്ട സഹോദരങ്ങളുടെ വോട്ടാണ് രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ കള്ളവോട്ടായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്.

4 ലക്ഷത്തി 34 ആയിരം  ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്‌സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് ഇന്നലെ രാത്രി 9 മണിക്ക് പുറത്തുവിട്ടത്. ഇതിലാണ് ഗുരുതര ക്രമക്കേടുള്ളത്.

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക. വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. lൻ്റെ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശമാണെന്ന് അമല്‍ ഘോഷ് എസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്. വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം https://operationtwins.com/ എന്ന സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു

ആമിര്‍ പള്ളിക്കല്‍ എന്നൊരു വ്യകിതയും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സമാനമായ ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇരട്ട സഹോദരങ്ങളുടെ പേരും ഇത്തരത്തില്‍ അച്ചടിച്ച് വന്നിട്ടുണ്ട്. മാത്രവുമല്ല പല പേരുകളും രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയില്‍ ആവര്‍ത്തിച്ച് രേഖപ്പെടുത്തിട്ടുണ്ട്.

https://www.youtube.com/watch?v=aO8-m8mUGYQ

 

 

By Binsha Das

Digital Journalist at Woke Malayalam