Sat. Nov 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ  ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച ഉത്തവ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് എന്ന് നിര്‍മമ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ധനവകുപ്പ് പുറത്തിറക്കിയ ഓര്‍ഡര്‍ പിന്‍വലിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്. സേവിങ്ങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ 4 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കിയ ഉത്തരവായിരുന്നു കേന്ദ്രം പുറത്തിറക്കിയത്.

കേന്ദ്രം ആദ്യം ഇറക്കിയ ഉത്തരവില്‍ പിപിഎഫ് റേറ്റ് 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കിയിരുന്നു. ഒരുവര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായാണ് കുറച്ചത്. മുതിര്‍ന്ന പൗരന്മാരുടെ സേവിങ്ങ്‌സ് സ്‌കീമിലെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില് നിന്ന് 6.5 ശതമാനമായാണ് ഇത് കുറച്ചിരുന്നത്.

By Divya