Fri. Nov 22nd, 2024
തിരുവനന്തപുരം:

കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി രാജ്യസഭാ എംപിയും നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. വെല്ലുവിളിക്കുന്നുവെന്നും കര്‍ഷകബില്ലിനെ എതിര്‍ക്കുന്നവര്‍ തന്റെ മുന്നില്‍ വന്ന് സംസാരിക്കെന്നും സുരേഷ് ഗോപി വെല്ലുവിളിച്ചു. പാര്‍ലമെന്റില്‍ കര്‍ഷക സമരത്തെപ്പറ്റി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ചിദംബരം, ഗുലാം നബി ആസാദ്, എന്നിവര്‍ സംസാരിക്കുന്നത് താന്‍ കേട്ടെന്നും കോണ്‍ഗ്രസിലെ നേതാക്കള്‍ മുഴുവന്‍ ഇത് തങ്ങളുടെ ബില്ല് തന്നെയല്ലെ എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി പറയുന്നു.

‘ഈ ബില്ല് കേടാകുന്നത് ജനങ്ങള്‍ക്കല്ല, കര്‍ഷകര്‍ക്കല്ല. ബ്രോക്കര്‍മാരായിട്ട് ചില രാഷ്ട്രീയക്കാര്‍ മഹാരാഷ്ട്രയിലുണ്ട്, പഞ്ചാബിലുണ്ട്. അവര്‍ക്കാണ്. അവര്‍ പാര്‍ലമെന്റിലുമുണ്ട്. ആ രാഷ്ട്രീയ എംപി, മുതലാളിമാരുടെ സാമ്രാജ്യങ്ങള്‍ ഇടിഞ്ഞുവീഴും. അതുകൊണ്ടാണ് അവര്‍ പൈസ കൊടുത്ത് ആള്‍ക്കാരെ ഇറക്കി സമരം ചെയ്യിക്കുന്നത്. അതിനപ്പുറം കര്‍ഷകസമരം ഒന്നുമല്ല,’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ദല്‍ഹിയില്‍ കര്‍ഷക സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. മാസങ്ങള്‍ നീണ്ട സമരങ്ങള്‍ക്ക് ഒടുവില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കാല്‍നടയായിട്ടാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.

ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു. 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.

By Divya