Sat. Jan 11th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് യുഡിഎഫ് പ്രചാരണ വേദികളിലെ മിന്നും താരമായി ശശി തരൂർ എംപി. പാർട്ടിക്കകത്തും പുറത്തും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്വീകാര്യതയും പ്രതിഛായയും വർധിച്ചതോടെ തരൂരിനെ പ്രചാരണത്തിനിറക്കാനായി പിടിവലിയാണ് സ്ഥാനാർഥികൾ. രണ്ടാഴ്ചയോളമായി വിശ്രമമില്ലാതെ ഓട്ടത്തിലാണ് അദ്ദേഹം.

ഇതുവരെ 11 ജില്ലകളിൽ അൻപതോളം സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങി. ഇനിയുള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ നേതാക്കൾക്കായി വോട്ടു തേടും. പൊതുയോഗങ്ങളിൽ പ്രസംഗിച്ച് വോട്ടു തേടുന്ന പതിവും തരൂർ മാറ്റി. വോട്ടർമാരുമായുള്ള സംവാദങ്ങളാണു മിക്കയിടത്തും.

യുഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കാൻ പല ജില്ലകളിലായി നടത്തിയ സംവാദത്തിന്റെ രണ്ടാം ഘട്ടം. വിമർശനങ്ങൾക്കു മറുപടി പറയാനും ആശയങ്ങൾക്കു വ്യക്തത വരുത്താനും സംവാദങ്ങളാണു നല്ലതെന്നു തരൂരിയൻ സിദ്ധാന്തം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൂന്നിയാണ് ലോകോത്തര കേരളമെന്ന ആശയം തരൂർ വോട്ടർമാരിലെത്തിക്കുന്നത്.

കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും തരൂർ പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും ഇത്രയേറെ ഡിമാൻഡ് ഉണ്ടായിരുന്നില്ല. സമയ പരിമിതി മൂലം എല്ലാ മണ്ഡലങ്ങളിലും എത്താൻ കഴിയുന്നില്ലെന്നും അതിന്റെ പേരിൽ പലരും പിണങ്ങുന്നുവെന്നും ഇപ്പോൾ പരിഭവം. നേരിട്ട് എത്താൻ കഴിയാത്ത സ്ഥലങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിച്ചുള്ള വിഡിയോകൾ ചെയ്തു നൽകുന്നുണ്ട്.

By Divya