Sat. Nov 23rd, 2024
മുംബൈ:

അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സ്മാരക ശിലാസ്ഥാപനത്തിന് വിളിച്ചില്ലെന്ന വിമര്‍ശനവുമായി ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും. മധ്യ മുംബൈയിലെ ദാദറില്‍ ബുധനാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിലാസ്ഥാപനം നടത്തിയത്. ചടങ്ങിലേക്ക് തങ്ങളുടെ നേതാക്കളെ വിളിക്കാത്തതാണ് ബിജെപിയേയും എംഎന്‍എസ്സിനേയും ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സംസ്ഥാന ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ അജിത് പവാര്‍, റവന്യൂ മന്ത്രി, കോണ്‍ഗ്രസ് നേതാവ് ബാലസഹേബ് തോറാത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണകാലത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

എന്നാല്‍, കൊവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഫഡ്നാവിസിനെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെയും ക്ഷണിച്ചില്ല. ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, സ്മാരകത്തിനായി കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ അനുമതി ലഭിക്കുന്നതിന് അദ്ദേഹം കൂടുതല്‍ ശ്രമം നടത്തി. പഴയ മേയറുടെ ബംഗ്ലാവ് ഒരു പൈതൃക സൈറ്റാണ്, എന്നിട്ടും അദ്ദേഹം എല്ലാത്തരം അനുമതികളും നേടാന്‍ സഹായിച്ചു.

എന്നിട്ടും അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് ശിവസേനയുടെ മോശം പെരുമാറ്റമാണ് കാണിക്കുന്നതെന്ന് നിയമസഭാ സമിതിയിലെ പ്രതിപക്ഷ നേതാവായ ബിജെപിയുടെ പ്രവീണ്‍ ദാരേക്കര്‍ പറഞ്ഞു.

By Divya