ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരഗ്രാമമാണ് വൈപ്പിൻ മണ്ഡലം. കടലും കായലും കൈകോർത്ത പ്രകൃതിരമണീയമായ മണ്ഡലമാണ് വൈപ്പിൻ.
പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ മണ്ഡലം നിലവിൽവന്നത്. കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, മുളവുകാട് എന്നീ എട്ട് പഞ്ചായത്തുകളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് ഞാറക്കൽ മണ്ഡലത്തിനുള്ളത്. എന്നാൽ, വൈപ്പിൻ മണ്ഡലം നിലവിൽവന്നതിനുശേഷമുള്ള രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ എസ് ശർമയാണ് വിജയിച്ചത്.
രണ്ട് ടേം വ്യവസ്ഥ പ്രകാരം ഇത്തവണ എസ് ശര്‍മയ്‌ക്ക് സിപിഎം സീറ്റ് നല്‍കിയിട്ടില്ല. പകരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എൻ ഉണ്ണികൃഷ്‌ണനെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. യുഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ ദീപക് ജോയിയാണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മുൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി ജില്ലാ സെക്രട്ടറി ആയ കെ എസ് ഷൈജുവും, ട്വന്റി 20 സ്ഥാനാർത്ഥിയായി കളമശ്ശേരി സെ.പോൾസ് കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് ഹെഡ് ആയ ജോബ് ചക്കാലക്കലും മത്സരിക്കുന്നു.
അടിസ്ഥാന വികസനത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന മണ്ഡലം കുടിവെള്ളത്തിനും പാലത്തിനും വേണ്ടി എറണാകുളം നഗരത്തെ വിറപ്പിച്ച സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ജലക്ഷാമത്തിന് ഇപ്പോള്‍ ഒട്ടൊക്കെ പരിഹാരമാവുകയും ഗോശ്രീ പാലം വന്നതോടെ ഗതാഗതപ്രശ്‌നത്തിനും പരിഹരിക്കപ്പെടും ചെയ്തു, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, എൽഎൻജി ടെർമിനൽ എന്നിങ്ങനെ കേരളം എടുത്തു പറയുന്ന പുതുനിക്ഷേപങ്ങൾ പലതുമുണ്ട് ഈ മേഖലയിൽ. വാട്ടർ മെട്രോ കൂടി പൂർത്തിയാകുന്നതോടെ മണ്ഡലത്തിനു പുതിയൊരു മുഖം കൈവരിക്കുമെന്നത് തീർച്ച.
വികസനത്തിലേക്ക് പുതു കാൽവെപ്പുകൾ നടത്തുന്ന വൈപ്പിനിനെ ആര് നയിക്കുമെന്ന് നമുക്ക് കണ്ടറിയാം.