ഗുരുവായൂർ:
സുരേഷ് ഗോപിക്കെതിരെ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് നായർ. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന പരാമർശം ദൗർഭാഗ്യകരമാണെന്നും സുരേഷ് ഗോപി അത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും ദിലീപ് നായർ പറഞ്ഞു. ബിജെപി പ്രവർത്തകരെ ഒപ്പം നിർത്താൻ തനിക്ക് സാധിച്ചുവെന്നും ഒറ്റകെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും ദിലീപ് പ്രതികരിച്ചു.
നാമനിർദ്ദേശ പത്രിക തള്ളിയത് കാരണം ബിജെപിക്ക് സ്ഥാനാർത്ഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി എ എൻ ഷംസീർ ഒരു കാരവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ ഗുരുവായൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ ഡിഎസ്‌ജെപി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് നിലവിൽ സുരേഷ് ഗോപിയുടെ പ്രതികരണം.