Wed. Nov 6th, 2024
കൊൽക്കത്ത:

പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പ്രചാരണം ഇന്നവസാനിക്കും. ബിജെപിയെ വീൽചെയറിൽ ഒറ്റയ്ക്ക് നേരിടുന്ന മമത ബാനർജി റാലികളിൽ ഉണ്ടാക്കുന്നത് വലിയ ആവേശമാണ്. ജയ്ശ്രീറാം മുഴക്കി ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ കാളിമന്ത്രം ചൊല്ലി നേരിടുകയാണ് മമത. പ്രധാനമന്ത്രിയേയും അമിത് ഷായേയും വ്യക്തിപരമായ കടന്നാക്രമിച്ചാണ് മമതയുടെ പ്രചാരണം.

മമത ബാനർജിയുടെ ഹെലികോപ്റ്റർ പ്രചാരണവേദിയിലേക്ക് ഇറങ്ങുമ്പോൾ ഉയരുന്നത് വൻ ആവേശമാണ്. റാലികളിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് എല്ലായിടങ്ങളിലും. വനിത വോട്ടർമാരുടെ ഈ സാന്നിധ്യമാണ് മമത ബാനർജിയുടെ കരുത്താകുന്നത്. ഹെലികോപ്റ്ററിൽ നിന്ന് വീൽചെയറിലേക്കിരിക്കുന്നുള്ള പ്രചാരണത്തിന് വലിയ സ്വീകാര്യതയാണ് എല്ലായിടങ്ങളിലും.

റാലികളിൽ ജനം വളയാതിരിക്കാൻ പൊലീസ് എല്ലായിടത്തും സുരക്ഷ കവചം തീർക്കുന്നുണ്ട്. പ്ലാസ്റ്ററിട്ട കാലുമായി എത്തുന്ന മമതയുടെ പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല. തീപ്പൊരി പ്രസംഗം. പ്രധാനമന്ത്രിയേയും അമിത് ഷായേയും വിമർശിച്ച് ഒടുവിൽ ബംഗാൾ വികാരം ഉണർത്താനുള്ള മുദ്രാവാക്യവും മുഴക്കിയാണ് മമത വേദികൾ കയ്യടക്കുന്നത്.

അതേസമയം ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ബിജെപി നീക്കം ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. റാലികളിൽ മമത അതിനാൽ തന്ത്രം മാറ്റിയിരിക്കുന്നു. കാളി പൂജയുടെ അവകാശം ആരും സ്വന്തമാക്കേണ്ടെന്ന് മമത പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു മതപ്രാർത്ഥനകളും രണ്ടു വരി ഉൾപ്പടെുത്തി റാലി അവസാനിപ്പിക്കും. ഒരു ദിവസം നാലു യോഗങ്ങളിൽ വരെ വീൽ ചെയറിൽ എത്തുന്ന മമതയെ എഴുതിതള്ളാൻ സർവ്വെകൾക്ക് കഴിയാത്തതും ഈ ഊർജ്ജം കാരണമാണ്.

By Divya