Mon. Dec 23rd, 2024
കോട്ടയം:

കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ പരുക്ക്. വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കണ്ണാന്താനത്തിന് പരുക്കേറ്റത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്.

തുറന്ന വാഹനത്തില്‍ പര്യടനം നടത്തുന്നതിനിടയില്‍ വണ്ടിയില്‍ നിന്നുകൊണ്ട് ഒരു കുട്ടിയുടെ മാല ഇടാന്‍ കുനിയുന്നതിനിടയിലായിരുന്നു കണ്ണന്താനത്തിന് പരുക്ക് പറ്റിയത്. മാല സ്വീകരിക്കാനായി കുനിയുന്നതിനിടയില്‍ കൈ പിടിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഒടിയുകയും നെഞ്ച് വാഹനത്തിന്റെ ക്രോസ് ബാരിയറില്‍ ഇടിക്കുകയുമായിരുന്നു. വേദന സഹിച്ച് പ്രചാരണം തുടര്‍ന്നെങ്കിലും വേദന ശക്തമായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തുടര്‍ന്ന് പരിശോധനയില്‍ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. വാരിയെല്ലിന് പൊട്ടലുള്ളതിനാല്‍ വിശ്രമം വേണമെന്ന് ഡോക്ടടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്തതിനാല്‍ ബെല്‍റ്റ് ധരിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന പ്രചാരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.

By Divya