Sun. Dec 22nd, 2024
തിരുവനന്തപുരം:

കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്സ് ജോ‍ർജ് നടത്തിയ പരാമ‍ര്‍ശത്തിനെതിരെ ഉമ്മൻ ചാണ്ടി. പരാമ‍‍ര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ നിന്നും അത്തരത്തിലൊരു പരാമ‍ശമുണ്ടാകാൻ പാടില്ലായിരുന്നുവെന്നും പ്രതികരിച്ചു. ജോയ്സ് കേരളത്തിലെ സ്ത്രീത്വത്തെ അപമാനിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജോയ്സ് മോശം പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നിൽ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമ‍ര്‍ശം.

അശ്ലീല പരാമ‍ര്‍ശം വിവാദമായതോടെ ജോയ്സിനെ തള്ളി മുഖ്യമന്ത്രി പിണറായിയടക്കം രംഗത്തെത്തി. ജോയ്സ്‍ ജോര്‍ജിനെ തിരുത്തിയ പിണറായി ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എൽഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും പ്രതികരിച്ചു. ജോയ്സിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

By Divya