Sat. Jan 18th, 2025
ഇടുക്കി:

തൊടുപുഴയിൽ പ്രചാരണം സജീവമാക്കി പി ജെ ജോസഫ്. കൊവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നതിനാൽ പി ജെ ജോസഫ് ഇതുവരെ പ്രചാരണ യോഗങ്ങളിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് ദുഷ്പ്രചാരണം നടത്തിയവർക്ക് വോട്ടർമാർ മറുപടി നൽകുമെന്ന് ജോസഫ് പ്രതികരിച്ചു.

പാട്ടുപാടിയും നുറുങ്ങ് സംഭാഷണങ്ങളിലൂടെയും പതിവ് ശൈലിയിലാണ് പി ജെ ജോസഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങൾ. കഴിഞ്ഞ മാസം അവസാനം കൊവിഡ് സ്ഥിരീകരിച്ച ജോസഫ് ഒരു മാസത്തോളമായി ആശുപത്രിയിലും വീട്ടിലുമായി വിശ്രമത്തിലായിരുന്നു.

ജോസഫിന്‍റെ അഭാവത്തിൽ പ്രവർത്തകരാണ് പ്രചാരണം നയിച്ചിരുന്നത്. തൊടുപുഴയിൽ കഴിഞ്ഞ ദിവസത്തെ രാഹുൽ ഗാന്ധിയുടെ സമ്മേളനത്തോടെ ജോസഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തുക സാധ്യമല്ല.

ഈ സാഹചര്യത്തിൽ പ്രധാന കവലകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെയാണ് വോട്ടഭ്യർത്ഥന. ഇത്തവണയും ജയമാവർത്തിക്കുമെന്ന് തന്നെയാണ് ജോസഫ് ക്യാമ്പ് വിശ്വസിക്കുന്നത്.

By Divya