Fri. Nov 22nd, 2024
കൊച്ചി:

സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തടഞ്ഞതിനെതിരായ സർക്കാർ അപ്പീലിൽ ആണ് നടപടി. അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അരി വിതരണം തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാരിന്‍റെ വാദം.

അരി നൽകുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാൻ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ മറുവാദം. 2020 ആഗസ്റ്റിൽ സ്പെഷ്യൽ അരി വിതരണം നിർത്തി വച്ചിരുന്നു, മാർച്ച്, ഏപ്രിലിൽ പുനരാരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ പറഞ്ഞു.

By Divya