Thu. Jan 23rd, 2025
തിരുവനന്തപുരം:

അരിയിലും കിറ്റിലും ഭരണപ്രതിപക്ഷ പോര് തുടരുന്നതിനിടെ വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും,അവധി ദിവസങ്ങളായ ഏപ്രില്‍ ഒന്നിനും രണ്ടിനും കടകള്‍ തുറക്കാനാകില്ലെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയതോടെയാണിത്. സ്പെഷല്‍ അരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിനെതിരെ ഇന്ന്(തിങ്കള്‍)  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

ഏപ്രിലിലെ കിറ്റ് മാര്‍ച്ച് അവസാനവാരം നല്‍കാനായിരുന്നു തീരുമാനം. നേരത്തെ വിതരണം ചെയ്യുന്നത് വോട്ടുലക്ഷ്യമിട്ടാണന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നല്‍കിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതും വിതരണം ഒന്നാം തീയതി മുതല്‍  മതിയെന്ന് തീരുമാനിച്ചതും. ഒന്നും രണ്ടും അവധി ദിവസങ്ങളാണ്. പ്രത്യേക ഉത്തരവിറക്കി റേഷന്‍ കടകള്‍ തുറപ്പിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റ കണക്കുകൂട്ടല്‍.

എന്നാല്‍ പെസഹവ്യാഴം, ദുഖവെള്ളി ദിവസങ്ങളില്‍ കട തുറക്കില്ലെന്ന് വ്യാപാരികള്‍ കര്‍ശന നിലപാട് എടുത്തതോടെയാണ് കിറ്റ് വിതരണം നേരത്തെയാക്കാന്‍ ആലോചിക്കുന്നത്. എങ്കിലേ പരമാവധി ആളുകളില്‍ അഞ്ചാം തീയതിക്ക് മുമ്പാകെ കിറ്റ് എത്തിക്കാനാകു. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചതല്ലാതെ വിതരണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.

വിഷുകിറ്റ് തയാറാക്കി മിക്കകടകളിലും എത്തിച്ചിട്ടുള്ളതിനാല്‍ വിതരണത്തിന് തടസമുണ്ടാകില്ല. ഇ പോസ് മെഷീനില്‍ ആവശ്യമായ മാറ്റം വരുത്തിയാല്‍ മാത്രം മതിയാകും.   ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയാല്‍ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്പെഷല്‍ അരി വിതരണവും തൊട്ടടുത്ത ദിവസംആരംഭിക്കും. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണ് അരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്റ്റേ ചെയ്തത്.

By Divya