Mon. Dec 23rd, 2024
കൊൽക്കത്ത/ഗുവാഹത്തി:

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അസം, ബംഗാൾ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളിൽ ആകെയുള്ള 294 മണ്ഡലങ്ങളിൽ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടും. ആകെ 1.54 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക.

ബംഗാളിൽ, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ നേടാനായ ജംഗൽമഹൽ മേഖലയിലാണ് ആദ്യഘട്ട പോളിങ്. ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും ഇവിടെ. 7,061 ഇടത്തായി 10,288 പോളിങ് ബൂത്തുകളാണുള്ളത്.

684 കമ്പനി അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽപരം പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. തിര‍ഞ്ഞെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങളിൽ 29 വീതം മണ്ഡലങ്ങളിലാണ് തൃണമൂൽ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത്. ജോയ്‌പുർ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയുടെ പത്രിക തള്ളിതയതിനെ തുടർന്ന് അവർ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു.

ബാഗ്‌മുണ്ഡിയിൽ എൻഡിഎ ഘടകകക്ഷിയായ എജെഎസ്‌യു ആണ് മത്സരിക്കുന്നത്. സിപിഎം– കോൺഗസ് സഖ്യം 30 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. അസമിലെ ആദ്യഘട്ട വോട്ടെടുപ്പിൽ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റിപ്പുൻ ബോറ, നിരവധി മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറ പ്രമുഖർ ജനവിധി തേടുന്നുണ്ട്.

ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യം, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം, പുതുതായി രൂപീകരിച്ച അസം ജതിയ പരിഷത്ത് (എജെപി) എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് മിക്ക സീറ്റുകളിലും.47 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബിജെപി 39 ഇടത്ത് മത്സരിക്കുന്നു.

By Divya