Mon. Dec 23rd, 2024
ദില്ലി:

കേരളത്തിൽ സിപിഎം മുസ്ലീം പ്രീണനം നടത്തുന്നെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. കേന്ദ്ര ഫണ്ടുകള്‍ തരം മാറ്റി സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തുകയാണെന്നും മലപ്പുറത്തിന് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മീനാക്ഷി ലേഖി ആരോപിച്ചു. കേന്ദ്രത്തിന്‍റെ ലേബല്‍മാറ്റി സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ സ്വന്തമാക്കുന്നു.

കിറ്റില്‍ മാത്രമല്ല എല്ലാ കേന്ദ്ര ഫണ്ടിലും അങ്ങനെ തന്നെയാണ്. വിധവകള്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ മലപ്പുറത്തുള്ള മുസ്ലീം വിധവയെങ്കില്‍ നിങ്ങള്‍ക്ക് സഹായം കിട്ടും. മലപ്പുറത്തോ പുറത്തോ ഉള്ള ഹിന്ദു, ക്രിസ്ത്യന്‍ വിധവകള്‍ക്ക് ആനുകൂല്യം കിട്ടില്ല.

സ്റ്റാര്‍ട്ട് അപ്പുകളിലും അങ്ങനെ തന്നെയാണ്. മുസ്ലീങ്ങള്‍ക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥര്‍ക്ക് കിട്ടുന്നില്ലെന്ന ആരോപണമുന്നയിച്ച ലേഖി, ഈ വര്‍ഗീയത ജനം തിരിച്ചറിയുമെന്നും പ്രതികരിച്ചു. ഓര്‍ഗനൈസര്‍ മുന്‍ എഡിറ്ററുടെ ‘ഡീൽ ‘ ആരോപണം പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നും ശോഭ സുരേന്ദ്രന് സീറ്റ് നല്‍കിയവര്‍ അവരുടെ വിജയ സാധ്യത വിലയിരുത്തട്ടെയെന്നും മീനാക്ഷി ലേഖി പ്രതികരിച്ചു.

By Divya