റിയാദ്:
കൊവിഡ് വ്യാപനം ശമനം ഇല്ലാതെ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ റമദാനിലെ സമൂഹ നോമ്പുതുറയ്ക്കും അത്താഴ വിരുന്നിനും നിയന്ത്രണം. പള്ളികളിലും റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താർ ഉണ്ടാകില്ല. റമദാൻ, ഈദ് അവധി ദിവസങ്ങളിൽ കൊവിഡ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ നടപടികളുടെയും ഭാഗമായായി ആഭ്യന്തരം, ആരോഗ്യം, നഗര ഗ്രാമീണ കാര്യങ്ങൾ, ഇസ്ലാമിക് കാര്യങ്ങൾ, ടൂറിസം, മാധ്യമങ്ങൾ എന്നീ ആറ് മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്.
പ്രതിരോധ നടപടികൾ പാലിക്കുന്നതിന്റെ ഭാഗമായി മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും പ്രവർത്തന സമയം 24 മണിക്കൂറായി നീട്ടാനും മന്ത്രാലയങ്ങൾ തീരുമാനിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ചട്ടങ്ങളും മുൻകരുതലുകളും പാലിക്കാനാവശ്യമായ ബോധവത്കരണ സന്ദേശങ്ങൾ തയ്യാറാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മാധ്യമ മന്ത്രാലയം ശ്രദ്ധിക്കും.