Tue. Nov 5th, 2024

എറണാകുളം ജില്ലയിൽ എൽഡിഎഫ് യുഡിഎഫ് മുന്നണികളിലെ യുവനേതാക്കൾ തമ്മിൽ വാശിയേറിയ പോരാട്ടം നടത്തുന്ന ഒരു മണ്ഡലമാണ് മൂവാറ്റുപുഴ.

ആവേശകരമായ ഈ മത്സരത്തിൽ എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ ആയ സിപിഐയിലെ എൽദോ അബ്രഹാമും യുഡിഎഫിൽ നിന്ന് കോൺഗ്രസ്സിലെ മാത്യു കുഴൽനാടനും കൂടാതെ ട്വന്റി 20-ൽ നിന്ന് സിഎൻ പ്രകാശും എൻഡിഎയിൽനിന്ന് ബിജെപിയുടെ ജിജി ജോസഫുമാണ് മത്സരിക്കുന്നത്.

മൂവാറ്റുപുഴ മണ്ഡലം 1957-ലാണ് രൂപീകൃതമാകുന്നത്. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ വാണിജ്യ മേഖലയോടൊപ്പം കാർഷിക മേഖലക്കും കാര്യമായ പ്രാധാന്യം നൽകുന്നയിടമാണിത്. പൈനാപ്പിൾ കൃഷിയും റബർ കൃഷിയുമാണ് കൂടുതലായും ഈ പ്രദേശത്തുള്ളത്. ഇന്ത്യയിലെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളം ഈ മണ്ഡലത്തിലാണുള്ളത്.

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോർജിന്റെ മണ്ഡലമാണിത്. അതിനാൽ മണ്ഡലം യുഡിഎഫിന്റെ അഥവാ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കാര്യമായി പ്രാധാന്യമുള്ളതാണ്. 1957-ൽ മണ്ഡലം രൂപീകരിച്ചതിനുശേഷം കോൺഗ്രസ് എംഎൽഎയായിരുന്ന കെ എം ജോർജ് 1963-ൽ കോൺഗ്രസ്സിൽനിന്ന് വിട്ട്മാറി കേരളം കോൺഗ്രസ് രൂപീകരിച്ചു. അതിനു ശേഷം കേരളം കോൺഗ്രസ്സിന് പ്രകടമായ സ്വാധീനമുള്ളൊരു മണ്ഡലമാണിത്.

എന്നാൽ 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുകയും സിപിഐയുടെ സിറ്റിംഗ് എംഎൽഎയായിരുന്ന ബാബു പോളിനെതിരെ ജോസഫ് വാഴക്കൻ വിജയിക്കുകയും ചെയ്തു. പക്ഷെ 2016-ൽ സിപിഐയുടെ യുവജന പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന എൽദോ അബ്രഹാമിലൂടെ ഇടതു മുന്നണി മണ്ഡലം തിരികെപ്പിടിച്ചു.

ഇത്തവണയും സിപിഐയുടെ സ്ഥാനാർത്ഥിയായി എൽദോ എബ്രഹാം തന്നെയാണ് ഇവിടെനിന്ന് മത്സരിക്കുന്നത്. യുഡിഎഫിൽ കേരള കോൺഗ്രസ് അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായ മാത്യു കുഴൽനാടനാണു മത്സരരംഗത്തുള്ളത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേയും ലോക് സഭ തിരഞ്ഞെടുപ്പിലേയും ജയമാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. എന്നാൽ മണ്ഡലത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനവും സംസ്ഥാന തലത്തിലുള്ള ഭരണത്തുടർച്ച പ്രതീക്ഷകളുമാണ് എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്.