Mon. Dec 23rd, 2024

എറണാകുളം ജില്ലയിൽ വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുള്ള പിറവം മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലാണ്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം.

ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായതിനാൽ കാർഷിക മേഖല ഈ മണ്ഡലത്തിൽ വളരെ സജീവമാണ്. തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഗ്രാമ-കാർഷിക വികസനവും മലങ്കര സഭാതർക്കവുമാണ് കൂടുതലായി ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന പ്രസിഡന്റും സിറ്റിംഗ് എംഎൽഎയുമായ അനൂപ് ജേക്കബും, എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് സിന്ധുമോൾ ജേക്കബും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിൽ നിന്ന് എം ആഷിഷുമാണ് മത്സര രംഗത്തുള്ളത്.

കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ സ്ഥാപക നേതാവായ ടി എം ജേക്കബിന്റെ മണ്ഡലമാണിത്. അതിനാൽ യുഡിഎഫിന് ഇവിടെ ശക്തമായ അടിത്തറ ഉണ്ടെന്നുള്ള കാര്യത്തിൽ സംശയമില്ല. അതിനുദാഹരണമാണ് അഞ്ച് തവണ ടി എം ജേക്കബും. ജേക്കബിന്റെ മരണ ശേഷം കഴിഞ്ഞ രണ്ടു തവണ അനൂപ് ജേക്കബ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും. മണ്ഡലത്തിൽ നടന്ന 11 തിരഞ്ഞെടുപ്പുകളിൽ രണ്ടു തവണ മാത്രമാണ് ഇടതു മുന്നണിക്ക് ഇവിടെ നിന്ന് ജയിക്കാനായിട്ടുള്ളത്.

ഇത്തവണ പാർട്ടി വോട്ടുകൾക്കുപുറമെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വോട്ടുകളും കൂടിയാകുമ്പോൾ ജയസാധ്യത കൂടുതലുണ്ടെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്നാൽ 2020 തദ്ദേശ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യൂഡിഎഫിനുണ്ടായ മേൽക്കൈ നിയമസഭ തിരഞ്ഞെടുപ്പിനും തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.

എന്തായാലും ജേക്കബ് മാണി വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന്റെ ഫലമറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.