Mon. Nov 25th, 2024

വടകര:

വടകരയില്‍ ഉടമകള്‍ അറിയാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയതായി പരാതി. 11 പേരാണ്  വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1,85,000 ത്തില്‍ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്.

എടിഎം കാര്‍ഡ് വഴി പണം പിന്‍വിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എടിഎം കാര്‍ഡ് ഇവരുടെ കൈവശം തന്നെയുണ്ട്. കൂടുതല്‍ പേര്‍ ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണയ്ക്ക് 20,000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ച വൈകീട്ട് 3.55 നാണ് 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിച്ചത്.

വടകര പുതിയാപ്പ്മലയില്‍ തോമസിന്‍റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. പിന്‍ നമ്പര്‍ ആര്‍ക്കും കൈമാറിയില്ലെന്ന് ഇവര്‍ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സാങ്കേതിക പരിജ്ഞാനമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍.

https://www.youtube.com/watch?v=iXjTJfuHP1o&t=4s

 

By Binsha Das

Digital Journalist at Woke Malayalam