തൃപ്പൂണിത്തുറ:
യു പിയിൽ ട്രെയിൻ യാത്രക്കിടെ മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 19നാണ് ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെയാണ് തിരുഹൃദയ സന്യാസിനീ സമൂഹത്തിൻറെ ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർ കൈയേറ്റത്തിനിരയായത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു ദുരനുഭവം.
ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്. ഇവരിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാറേണ്ടി വന്നു. തീർഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബജ്റംഗ്ദളുകാർ അകാരണമായി അവർക്കു നേരെ പ്രശ്നമുണ്ടാക്കുകയായിരുന്നു. സന്യാസാർഥിനിമാരായ രണ്ടുപേരെ മതം മാറ്റാൻ കൊണ്ടു പോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന അവരുടെ വാക്കുകൾ ബജ്റംഗ്ദളുകാർ മുഖവിലയ്ക്കെടുത്തില്ല.