Sun. Dec 22nd, 2024
കോട്ടയം:

പൂഞ്ഞാറിൽ പി സി ജോർജിനെതിരെയുള്ള കൂവൽ വിവാദം കൊഴുക്കുന്നു. പല സ്ഥലങ്ങളിലും പി സി ജോർജിന് ജനങ്ങളുടെ ഇടയിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇടത് മുന്നണി ആരോപിച്ചു. ജോർജിനെതിരെയുള്ള കൂവൽ മണ്ഡലത്തിൽ ആളിക്കത്തിക്കാനാണ് യുഡിഎഫും നീക്കം നടത്തുന്നത്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു-വലതു മുന്നണികളുടെ തീരുമാനം.

മണ്ഡലത്തെ തുടർച്ചയായി പ്രതിനീധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു-വലതു മുന്നണികളുടെ വിമർശനം. ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു.

അതെസമയം, എസ്ഡിപിഐയുമായി ഇടതു-വലതു മുന്നണികൾക്കുള്ള ബന്ധം പ്രചാരണ വിഷയമാക്കുകയാണ് പി സി ജോർജ്. ഈരാറ്റുപേട്ടയിൽ പ്രചാരണം അവസാനിപ്പിച്ച പി സി ജോർജ് മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്. ഈരാറ്റുപേട്ടയിൽ നന്നായി വോട്ടു കുറയുമെന്ന ആശങ്കയും പിസി ക്യാമ്പിനുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. ഇനി ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല.  ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് പറഞ്ഞു.-

By Divya