ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുക്കെട്ട് കേന്ദ്രത്തില്‍ വിജയിച്ച പോലെ ബംഗാളില്‍ വിജയിക്കില്ലെന്ന് തൃണമൂല്‍ നേതാവ് യശ്വന്ത് സിന്‍ഹ. കേന്ദ്രത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പരാജയപ്പെടുത്തി വിജയം കൈവരിക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അത് ബംഗാളില്‍ വിജയകരമാകില്ലെന്നായിരുന്നു സിന്‍ഹ പറഞ്ഞത്. ബംഗാള്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് സിന്‍ഹയുടെ പരാമര്‍ശം.
പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ മോദി-അമിത് ഷാ സഖ്യത്തെ വളരെ അഭിമാനപൂര്‍വ്വം ബിജെപി മുന്നോട്ടുവെയ്ക്കാറുണ്ട്. എന്നാല്‍ ബംഗാളില്‍ സ്ഥിതി അതല്ലെന്ന് സിന്‍ഹ പറഞ്ഞു.
‘ഞങ്ങള്‍ക്ക് മോദിയുണ്ട്. നിങ്ങള്‍ക്ക് ആരാ ഉള്ളതെന്ന് ബിജെപി പ്രതിപക്ഷ പാര്‍ട്ടികളോട് ചോദിക്കുന്നു. എന്നാല്‍ ബംഗാളിലെ ചിത്രം വേറെയാണ്. ഞങ്ങള്‍ക്ക് മമതയുണ്ട്, അവര്‍ക്ക്. ആരുമില്ല എന്ന അവസ്ഥയാണ് ഉള്ളത്. അതിനാല്‍ ബംഗാളിലെ ജനങ്ങളോട് മോദിയേയും അമിത് ഷായേയും നോക്കൂ വോട്ട് ചെയ്യൂവെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ മോദിയോ അമിത് ഷായോ തങ്ങളുടെ മുഖ്യമന്ത്രിയാകില്ലെന്ന് ബംഗാളിലെ ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ചൂണ്ടിക്കാണിക്കാനും ബിജെപിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല,’ സിന്‍ഹ പറഞ്ഞു.