Mon. Dec 23rd, 2024
ന്യൂഡൽഹി:

വോട്ടിങ് യന്ത്രത്തിൻ്റെ പ്രവർത്തനവും തിരഞ്ഞെടുപ്പു കടപ്പത്രങ്ങളും സംബന്ധിച്ച് ഉന്നയിച്ച ആശങ്കകളോട് തിരഞ്ഞെടുപ്പു കമ്മിഷൻ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർക്കുള്ള കത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.

ബാലറ്റ് യൂണിറ്റിൽ രേഖപ്പെടുത്തുന്ന വോട്ട്, വിവിപാറ്റിലൂടെ കടന്നാണ് കൺട്രോൾ യൂണിറ്റിലേക്കു പോകുന്നത്. വിവിപാറ്റ് സംവിധാനത്തിന്റെ പ്രവർത്തനത്തിനു സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തമുണ്ട്. വിവിപാറ്റിലെ വോട്ട് രസീതിൽ കാണുന്ന രീതിയിൽ തന്നെയാണ് കൺട്രോൾ യൂണിറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതെന്ന് ഉറപ്പാക്കാനാവില്ല. ബാലറ്റ് യൂണിറ്റിൽനിന്നു നേരിട്ട് കൺട്രോൾ യൂണിറ്റിലേക്കു വോട്ട് രേഖപ്പെടുത്തിയശേഷം മാത്രം വിവിപാറ്റ് രസീതിൽ അതു ദൃശ്യമാകുംവിധം ക്രമീകരണമുണ്ടാവണം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തിരഞ്ഞെടുപ്പു കടപ്പത്രങ്ങളിലൂടെയുള്ള പണത്തിന്റെ 95 ശതമാനവും ബിജെപിക്കു ലഭിച്ചെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. സ്രോതസ്സ് വെളിപ്പെടുത്താതെയുളള ഈ പണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കടപ്പത്ര സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

By Divya