Wed. Nov 6th, 2024
ന്യൂഡൽഹി:

45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. നിലവിൽ ആദ്യ ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തവർ അടുത്ത ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്സീനു ക്ഷാമമില്ല, ആവശ്യത്തിനു വാക്സീൻ ഡോസുകളുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍ വ്യക്തമാക്കി.

പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ‘കോവിഷീൽഡ്’ വാക്സീൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 4 മുതൽ 8 ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. 4–6 ആഴ്ചകളുടെ വ്യത്യാസത്തിൽ വാക്സീൻ നൽകാമെന്നായിരുന്നു കോവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്.

ഡോസുകൾക്കിടയിലെ മാറ്റം കോവിഷീൽഡിനു മാത്രമാണു ബാധകം. കോവാക്സീൻ നൽകുന്നതു നിലവിലെ രീതിയിൽ തുടരും.

By Divya