ജിദ്ദ:
സൗദി അറേബ്യയിൽ രൂപകൽപനചെയ്ത് നിർമിച്ച രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണം വിജയകരം. കസാഖ്സ്താനിലെ ബൈക്കോനൂർ കോസ്മോഡ്രോമിൽനിന്ന് സൗദി അറേബ്യയടക്കം 18 രാജ്യങ്ങളിൽനിന്നുള്ള 38 ഉപഗ്രഹങ്ങൾ റഷ്യൻ സോയൂസ് 2.1 എന്ന റോക്കറ്റ് മുഖേനയാണ് തിങ്കളാഴ്ച ബഹിരാകാശത്തെത്തിച്ചത്. ഷഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ പേരുകളിലുള്ള ഉപഗ്രഹങ്ങളാണ് സൗദി ശാസ്ത്രജ്ഞർ നിർമിച്ചത്.
ശാസ്ത്രീയ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഉപഗ്രഹങ്ങൾ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടടെക്ടെക്നോളജി, കിങ് സൗദ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള പതിനേഴാമത് ഉപഗ്രഹമാണ് ബഹിരാകാശത്തെത്തിച്ച ഷഹീൻ സാറ്റ്.
ബഹിരാകാശത്തുനിന്നും ഭൂമിയുടെ ഫോട്ടോ എടുക്കുന്നതിനും കപ്പലുകളുടെ ട്രാക്കിങ്ങിനുമായാണ് ഉപഗ്രഹം ഉപയോഗിക്കുക. ചെറിയ വലുപ്പത്തിലുള്ള ഉപഗ്രഹങ്ങളുടെ പുതിയ തലമുറയാണ് ഷഹീൻ സാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വികസിപ്പിക്കുകയും നിർമിക്കുകയുംചെയ്ത 75 കിലോ ഭാരത്തിലും നീളം, വീതി, ഉയരം എന്നിവ 56, 56, 97 സെൻറിമീറ്റർ അളവുകളിലുമുള്ള ഈ ഉപഗ്രഹത്തിൽ നിന്നും തെളിമയോടെയുള്ള ചിത്രങ്ങൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
കിങ് സൗദ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമായ ക്യൂബ് സാറ്റ് വിദ്യാഭ്യാസ ആവശ്യത്തിനും ഉപയോഗിക്കും. 10 സെൻറി മീറ്റർ വീതം നീളവും വീതിയും ഉയരവും ഒരു കിലോ ഭാരവുമുള്ള ക്യൂബ് രൂപത്തിലുള്ള ഉപഗ്രഹമാണ് കിങ് സൗദ് യൂനിവേഴ്സിറ്റി നിർമിച്ചത്.