Wed. Nov 6th, 2024
PC George cancels election campaign at Erattupetta over protests

ഈരാറ്റുപേട്ട:

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പിസിജോര്‍ജ് അറിയിച്ചു.

ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്‍ത്തിവെക്കുന്ന് എന്നാണ് പിസി ജോര്‍ജ് അറിയിച്ചിരിക്കുന്നത്.

പിസി ജോര്‍ജിന്‍റെ വാഹനപര്യടനത്തിനിടെ ഈരാറ്റുപേട്ടയില്‍ വെച്ച് നാട്ടുകാര്‍ അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ കൂവിയത്.

കൂവിയവരോട് പിസി ജോർജ് ക്ഷുഭിതനായിരുന്നു.ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ അധികാരമുണ്ടെന്നും കൂവി വിളിച്ചാല്‍ പേടിച്ചോടുന്ന ഏഭ്യനല്ല താനെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. കൂവി വിളി രൂക്ഷമായതോടെ  പ്രകോപിതനായ പി സി ജോര്‍ജ് കൂവിയവരെ മെെക്കിലൂടെ അസഭ്യം പറഞ്ഞിരുന്നു.  സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നാണ് പിസി ജോര്‍ജ് അവസാനം പറഞ്ഞത്.  കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എംഎൽഎ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

By Binsha Das

Digital Journalist at Woke Malayalam