Sun. Nov 24th, 2024
പാലാ:

മണ്ഡലത്തില്‍ ഇതുവരെ ഉണ്ടാകാത്ത ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്നത്. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി കേന്ദ്ര മന്ത്രി അമിത് ഷാ നാളെ കാഞ്ഞിരപ്പള്ളിയില്‍ എത്തും. മുന്നണി മാറിയെങ്കിലും വിജയത്തുടര്‍ച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാര്‍ത്ഥി പ്രൊഫ എൻ ജയരാജ്.

തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് – യുഡിഎഫ് പോരാട്ടം മാത്രം കണ്ടു ശീലിച്ച കാഞ്ഞിരപ്പള്ളിയില്‍ ഇത്തവണ മത്സരം തീപാറുന്നതാണ്. മുന്‍ എംഎല്‍എയായ അല്‍ഫോന്‍സ് കണ്ണന്താനം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് ത്രികോണ മത്സരത്തിന് വേദിയൊരുങ്ങിയത്. എംഎല്‍എയായിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറയുന്നതിനൊപ്പം വിമാനത്താവളമുള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വാഗ്ദാനം.

മുന്നണി മാറിയെങ്കിലും അഞ്ചു വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാര്‍ത്ഥി.എൻജയരാജ്. പരാമ്പരാഗത യുഡിഎഫ് മണ്ഡലം ഇത്തവണയും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സ്ഥാനാര്‍ത്ഥിയായ ജോസഫ് വാഴയ്ക്കന്റെ വിശ്വാസം. സീറ്റ് നിര്‍ണയത്തിലുണ്ടായ ചില്ലറ തര്‍ക്കങ്ങള്‍ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇടത് – വലത് മുന്നണികള്‍. എ പ്ലസ് മണ്ഡലത്തെ കൈപ്പിടിയിലൊതുക്കാന്‍ ബിജെപിയും ശക്തമായ രംഗത്തുണ്ട്..

By Divya