ദോഹ:
സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഖത്തർ തുടരും. ഇക്കാര്യത്തിൽ ക്രിയാത്മകമായ രീതിയില്‍ ചുവടുകള്‍ വെക്കുന്നതിനുള്ള വഴികള്‍ ആരായുന്ന കാര്യത്തിൽ അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ തുടര്‍ന്നും സഹകരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി പറഞ്ഞു. സിറിയൻ വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നാഷനല്‍ കോളിഷന്‍ ഫോര്‍ സിറിയറെവലൂഷനറിയും പ്രതിപക്ഷ സംഘങ്ങളും സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സിറിയൻ വിപ്ലവത്തിന്റെ പത്താം വാര്‍ഷികം ഒരു ദശാബ്ദക്കാലമായി സിറിയന്‍ ഭരണകൂടം തുടരുന്ന അതിക്രമങ്ങളെയും ഭയാനകതയെയും അനന്തരഫലങ്ങളെയും കുറിച്ച് ലോകത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും ശൈഖ ഉൽയ പറഞ്ഞു. സിറിയയിലെ ദുരന്ത മാനുഷിക സാഹചര്യം ഏറെ വലുതാണ്. സംഘര്‍ഷ സാഹചര്യമല്ലാതെ മറ്റൊന്നും അറിയാത്ത ഒരു തലമുറ കുട്ടികള്‍ അവിടെ വളരുന്നുണ്ട്.
ദാരിദ്ര്യ സൂചികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് സിറിയ. സിറിയയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നൽകുന്നതില് മുന്‍നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരെ നിയമപരമായും ധാര്‍മികമായും നേരിടാനുള്ള ഖത്തറിന്റെ പ്രതിബദ്ധത അവര്‍ എടുത്തുപറഞ്ഞു.