Wed. Jan 22nd, 2025
തിരുവനന്തപുരം:

എന്‍ഡിഎ സ്ഥാനാര്‍‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികതള്ളിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം പുതിയ തലങ്ങളിലേക്ക്.  പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി. ഇത് യുഡിഎഫ്, ബി ജെ പി സഖ്യത്തിന്റെ തെളിവാണെന്ന് എല്‍ഡിഎഫ്.

അതേസമയം പത്രികകള്‍ തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ദേവികുളം, തലശ്ശേരി, ഗുരൂവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുെട നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ ഇരുമുന്നണികളും പരസ്പരം ബിജെപി അന്തര്‍ധാര ആരോപിക്കുകയാണ്. ദേവികുളത്ത് സ്വന്ത്രസ്ഥാനാര്‍ത്ഥി എസ് ഗണേശിനെ എന്‍ഡിഎ ഔദ്യോഗിക സ്ഥാനാര്‍ഥിയാക്കികഴിഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടിയ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ വോട്ടുകള്‍ എങ്ങോട്ടു പോകുമെന്നതിനെക്കുറിച്ച് കടുത്ത രാഷ്ട്രീയവിവാദം. പത്രിക തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. തലശേരി എൽഡിഎഫ് ജയിക്കുന്ന മണ്ഡലം. അവിടെ പത്രിക തള്ളിയതിലൂടെ ആർക്കാണ് പ്രയോജനം എന്ന് വ്യക്തമാണ്. ബിജെപിയെ എതിർക്കുന്ന പ്രസ്ഥാനം കോൺഗ്രസാണ്– അദ്ദേഹം പറഞ്ഞു.

ഗുരുവായൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്‍ അവസാന തീയതിയായ  19ന് 3 മണിക്കാണ്  പത്രിക സമർപ്പിച്ചത്. ഇത് തന്നെ ദുരൂഹമെന്നാണ് എല്‍ഡിഎഫ് ആരോപണം.  പരമാവധി പേരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കേണ്ടതെന്ന്  ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി പറഞ്ഞു പത്രികള്‍ തള്ളിയത് ഞെട്ടലുളവാക്കിയെന്ന് അവര്‍ സമ്മതിക്കുന്നു.

By Divya