കഴക്കൂട്ടം:
മത്സരിക്കാൻ തയാറായ ശോഭാ സുരേന്ദ്രന് നന്ദി പറഞ്ഞ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങി വി മുരളീധരൻ. താനും ശോഭയും തമ്മിൽ മല്ലയുദ്ധം ഉണ്ടായിട്ടില്ലെന്നാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങൾക്കുള്ള വി മുരളീധരന്റെ മറുപടി. ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കുന്ന ശോഭാ സുരേന്ദ്രൻ പ്രസംഗത്തിൽ കടകംപള്ളി സുരേന്ദ്രനെ പൂതനയോടുപമിച്ച് കടന്നാക്രമിച്ചു.
2016ൽ രണ്ടാം സ്ഥാനംവരെയെത്തി, എ പ്ലസ് ആയി ഉയർന്ന പ്രതീക്ഷകൾക്ക് ഉലച്ചിലുണ്ടായ വിവാദങ്ങളാണ് കഴക്കൂട്ടത്തെച്ചൊല്ലി ബിജെപിയിലുണ്ടായത്. സർപ്രൈസ് സ്ഥാനാർത്ഥികൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലും ഗ്രൂപ്പ് വടംവലികളിലും നീണ്ടു പോയി ഒടുവിൽ, വിവാദങ്ങളുടെ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന നേതാക്കൾ തന്നെ ശോഭാ സുരേന്ദ്രന് വേണ്ടി പ്രചാരണ രംഗത്ത്.
കഴക്കൂട്ടത്തെ വിവാദങ്ങൾക്ക് പഴി മാധ്യമങ്ങൾക്ക്. തീരുമാനം വൈകിയതിന്റെ ഉത്തരവാദിത്തം ശോഭയ്ക്കും. ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നത് തടഞ്ഞിരുന്നെങ്കിൽ താൻ പ്രചാരണത്തിന് എത്തുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് തനിക്കെതിരെ ഉയർന്ന വിവാദങ്ങളെ മുരളീധരൻ പ്രതിരോധിക്കുന്നത്.