Mon. Dec 23rd, 2024
തിരുവനന്തപുരം:

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൂതനയാണെന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. പുതനമോക്ഷം ഉണ്ടാവുമെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനും ശബരിമല വിഷയത്തില്‍ ദേവസ്വംമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.

കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു കടകംപള്ളിക്കെതിരെ ഇരുവരും രംഗത്ത് എത്തിയത്. അതേസമയം ശോഭയുമായി പ്രശ്‌നങ്ങളുണ്ടെന്നതെല്ലാം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
ശോഭയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടില്ലെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു വി.മുരളീധരന്‍ പറഞ്ഞത്. നേരത്തെ ശബരിമല വിഷയമുള്ള കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണെന്നും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുര നിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണെന്നും ശോഭ പറഞ്ഞിരുന്നു.

‘കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഒരു അസുര നിഗ്രഹം അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാര്‍ത്ഥിയെ, കൂടുതല്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ ഞാനുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയായിരുന്നു. മാത്രമല്ല മുരളീധരന്‍ ശ്രദ്ധവച്ച് പ്രവര്‍ത്തിച്ച ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പ്രവര്‍ത്തകരും സന്തോഷത്തിലാണ്’. എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

By Divya