കണ്ണൂർ:
ഇരിക്കൂറിൽ സജീവ് ജോസഫിനെതിരായ പ്രതിഷേധക്കാരെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചു. പ്രശ്നങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ മുന്നിൽ അവതരിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നാണ് ഉറപ്പ്. ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥിയായതു മുതൽ തുടങ്ങിയ പ്രതിഷേധങ്ങളാണ് ഇപ്പോൾ അവസാനിക്കുന്നത്.
ഇരിക്കൂറിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന സോണി സെബാസ്റ്റ്യൻ ഉൾപ്പടെയുള്ള എ ഗ്രൂപ്പ് നേതാക്കളെ ഉമ്മൻ ചാണ്ടി ആദ്യം കേട്ടു. ജില്ലയിലെ ഏക സീറ്റ് വിട്ട് കൊടുത്ത സാഹചര്യത്തിൽ ഡിസിസി പ്രസിഡൻ്റ് സ്ഥാനം വേണമെന്ന ആവശ്യം നേതാക്കൾ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വച്ചു. കെപിസിസി നേതൃത്വവുമായി ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നും തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും നേതാക്കളോട് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കൂടുതൽ കോർപറേഷൻ , ബോർഡ് ചെയർമാൻ സ്ഥാനങ്ങളും എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി സഹകരിക്കാനാണ് എ ഗ്രൂപ്പ് നേതാക്കൾക്ക് കിട്ടിയ നിർദേശം.