Mon. Dec 23rd, 2024
കൊച്ചി:

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാൽ കേസിൽ നിന്നു രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്നു പ്രതി സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തെറ്റിദ്ധരിപ്പിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.

2020 ഡിസംബർ 16ന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോൾ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണിത്. അട്ടക്കുളങ്ങര ജയിലിൽനിന്നു ശേഖരിച്ച വിവരങ്ങളും സ്വപ്ന ഇഡിക്കു നൽകിയ മൊഴികളുടെ പകർപ്പും സഹിതമാണു റിപ്പോർട്ട്. കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി പ്രേരിപ്പിച്ചതായുള്ള ആരോപണത്തിൽ കഴമ്പുണ്ടോയെന്നു കണ്ടെത്താൻ രഹസ്യാന്വേഷണ ഏജൻസികൾക്കു നിർദേശം ലഭിച്ചിരുന്നു.

കോടതി ഉത്തരവു പ്രകാരം ഇഡിയുടെ കസ്റ്റഡിയിൽ നൽകിയ ഘട്ടത്തിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുതിർന്ന വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയാണു മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും പേരുകൾ ഒരുകാരണവശാലും ഇഡിയോടു പറയരുതെന്നു നിർദേശിച്ചതെന്നാണു റിപ്പേർട്ടിൽ പറയുന്നത്. അധികം വൈകാതെ ജയിൽ മോചിതയാകാൻ സഹായിക്കാമെന്നും അതിനു കഴിവുള്ളവർ പുറത്തുണ്ടെന്നും ഉദ്യോഗസ്ഥ ഉറപ്പുനൽകി.

തുടർച്ചയായ ദിവസങ്ങളിൽ അവർ സുരക്ഷാ ഡ്യൂട്ടി ചെയ്തതായും ‘ചിലരുടെ പ്രത്യേക നിർദേശപ്രകാരമാണ്’ എത്തിയതെന്നു പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ‘രണ്ടാം ദിവസം അവർ ഡ്യൂട്ടിക്കു വന്നപ്പോൾ ഒരു ഫോണുമായാണു വന്നത്. പുറത്തുള്ള ചിലരുമായി സംസാരിച്ചതായും പറഞ്ഞുതരുന്ന പോലെ അവരോടു പറയണമെന്നും സ്പെഷൽ ബ്രാഞ്ചിന് ഇക്കാര്യം എന്നിൽ നിന്നു നേരിട്ടു കേൾക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു. അതിനു ശേഷം ഫോൺ എന്റെ അടുത്തേക്കു നീട്ടിപ്പിടിച്ചു’. വനിതാ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞതു പോലെ താൻ ഫോണിൽ പറഞ്ഞതായും സ്വപ്ന മൊഴി നൽകി.

By Divya