Sun. Dec 22nd, 2024

നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമായി കോഴിക്കോട് ജില്ലയിലെ വടകര മാറുകയാണ്. സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട ആർഎംപിഐ നേതാവ് ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ യുഡിഎഫ് സാഥാനാര്‍ത്ഥി ആയി എത്തിയതോടെയാണ് വടകര ശ്രദ്ധാകേന്ദ്രമായി മാറിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ സി കെ നാണുവിനോട് തോറ്റ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനാണ് രമയുടെ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കപ്പുറം നിരവധി പേരുടെ ചോര വീഴ്ത്തിയ, കുടുംബങ്ങളെ അനാഥമാക്കിയ കൊലപാതക രാഷ്ട്രീയത്തിൻ്റെ ഭീകരതയെക്കുറിച്ചാണ് രമയുടെ സാന്നിധ്യം ഓർമപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചന്ദ്രശേഖരന്‍റെ ശരീരത്തില്‍ ഏല്‍പ്പിച്ച 51 വെട്ടുകൾ സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടി വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമോ?

2012 മെയ് നാലിനാണ് സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി പി ചന്ദ്രശേഖരന്‍  കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ചന്ദ്രശേഖരനെ വടകരക്ക് അടുത്തുള്ള വള്ളിക്കാട് വെച്ച് ഒരു ഇന്നോവ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം ഉയര്‍ന്നു. പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വിശദീകരണം.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപി എമ്മിൻ്റെ മൂന്ന് നേതാക്കൾ അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കലായിരുന്നു കൊലപാതകമെന്ന് കോടതിയും കണ്ടെത്തി. കേസില്‍ പ്രതികളായവര്‍ മാത്രമല്ല ജനങ്ങളുടെ മനസില്‍ പാര്‍ട്ടിയും നേതാക്കളും പ്രതിക്കൂട്ടിലായ സംഭവമായിരുന്നു ടി പി വധം.

സാധാരണ നിലയിൽ ചന്ദ്രശേഖരന്‍ ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് മറയാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. കാരണം നൂറുകണക്കിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന നാടാണ് കേരളം. നാടിനെ നടുക്കിയ പല ദാരുണമായ കൊലപാതകങ്ങളും നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ടി പി ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത് അദ്ദേഹത്തിന്‍റെ ജീവിത സഖാവായിരുന്ന രമയും സഹപ്രവര്‍ത്തകരും ആ മരണം മറക്കാന്‍ അനുവദിക്കില്ലെന്ന് നിശ്ചയിച്ചത് കൊണ്ടാണ്. സിപിഎമ്മില്‍ ആയിരിക്കുമ്പോഴും പാര്‍ട്ടി വിട്ടപ്പോഴും ജനകീയനായ ഒരു നേതാവായിരുന്നു അദ്ദേഹം. കൊലപാതകത്തിന്‍റെ ഒമ്പതാം വര്‍ഷം രമയുടെ തെരഞ്ഞെടുപ്പ് പോരാട്ടം കൊണ്ടായിരിക്കും ടി പി വീണ്ടും ഓര്‍മ്മിക്കപ്പെടുക.

ടി പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടി അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ ആര്‍എംപിഐ ആയി മാറ്റിയപ്പോള്‍ രമയും അതിനൊപ്പം ഉറച്ചുനിന്നു. രമ മത്സരിച്ചാല്‍ വടകരയില്‍ പാര്‍ട്ടിയെ പിന്തുണക്കാമെന്ന യുഡിഎഫ് നേതൃത്വത്തിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അവര്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കേരളം മുഴുവന്‍ ഈ വിഷയം പ്രചരിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കണക്കുകൂട്ടി.

1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം കെ കേളു  ജയിച്ചതൊഴിച്ചാല്‍ ഇടതും വലതും മുന്നണികളുടെ ഭാഗമായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ജനതാ ദളുകളുടെയും സ്ഥാനാര്‍ത്ഥികളാണ് വടകരയില്‍ നിന്ന് ജയിച്ച് നിയമസഭയിലേക്ക് പോയത്. 2011ലും 2016ലും മുന്‍ മന്ത്രി കൂടിയായ സി കെ നാണു ഇവിടെ നിന്ന് ജയിച്ചു. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജനത ദള്‍ എസിലെ സികെ നാണു പരാജയപ്പെടുത്തിയത് യുഡിഎഫിലെ എല്‍ജെഡി സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ആയിരുന്നു.

2016ല്‍ സി കെ  നാണു ജയിച്ച തെരഞ്ഞെടുപ്പില്‍ 20504 വോട്ട് നേടി രമ കരുത്ത് തെളിയിച്ചിരുന്നു. ഒരുപക്ഷെ യുഡിഎഫ് വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഇത്തവണ ജയിച്ചേക്കാം. രണ്ട് ജനതാ ദളുകളും ഒരുമിച്ച് വന്നതോടെ എല്‍ഡിഎഫ് ശക്തമായ സാഹചര്യത്തില്‍ രമ പരാജയപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന മനയത്ത് ചന്ദ്രനാണ് എതിരാളി.

Manayath Chandran, LDF Candidate. Pic C: Asianet news
Manayath Chandran, LDF Candidate. Pic C: Asianet news

2011ല്‍ ആര്‍എംപി നേതാവ് വേണു മത്സരിച്ചപ്പോള്‍ 10098 വോട്ടുകളാണ് ലഭിച്ചത്. കെ മുരളീധരന്‍ വിജയിച്ച 2019ലെ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എംപിഐയുടെ പി കുമാരന്‍ കുട്ടിക്ക് 17229 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ടി പി വധത്തിന് ശേഷം നടന്ന  നിയമസഭ, ലോക്സഭ  തെരഞ്ഞെടുപ്പുകളിലും ടി പി വധം തന്നെയായിരുന്നു വടകരയിലെ പ്രധാന ചര്‍ച്ച. വിജയത്തിന്‍റെയും തോല്‍വിയുടെയും കണക്കുകള്‍ മാറ്റിവെച്ചാല്‍ കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം വടകരയില്‍ മാത്രമല്ല കോഴിക്കോട്ടെയും കണ്ണൂരിലെയും സമീപ മണ്ഡലങ്ങളിലെങ്കിലും കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് കാരണമായേക്കാം.

കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിൻ്റെ സ്ഥാനാര്‍ത്ഥി ആയാണ് രമ മത്സരിക്കുന്നത് എന്നത് തന്നെയാകും എൽഡിഎഫ് മുഖ്യ പ്രചാരണ വിഷയമാക്കുക. സിപിഎമ്മിനെ എതിർത്ത് ഒടുവിൽ യുഡിഎഫ് പാളയത്തിൽ തന്നെ ആർഎംപിഐ എത്തിയെന്ന ആരോപണം. നേരത്തെ തന്നെ ഉന്നയിക്കപ്പെട്ട അതേ ആരോപണം.

സിപിഎം വിപ്ലവ പാതയിൽ നിന്ന് വഴിതെറ്റി പോകുന്നതിൽ ആശങ്കപ്പെട്ട പാർട്ടി പ്രവർത്തകരാണ് ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ വിമത ശബ്ദം ഉയര്‍ത്തി പുതിയ പാർട്ടി രൂപീകരിച്ചത്. എന്നാൽ എം വി രാഘവനും കെ ആർ ഗൗരിയമ്മയും സഞ്ചരിച്ച അതേ വഴി തന്നെയാണ് ആർഎംപി ഐ എന്ന വിപ്ളവ മാർക്സിസ്റ്റ് പാർട്ടിയും പോകുന്നത് എന്നത് വസ്തുതയാണ്. കേരളത്തിൽ പാർലമെൻററി രാഷ്ട്രീയത്തിൽ അകപ്പെട്ടാൽ ഈ കെണിയിൽ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല.

ഒടുവിൽ യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും ധൃതരാഷ്ട്ര ആലിംഗനത്തിൽ പെട്ട് ഇത്തരം വിപ്ള മോഹങ്ങൾ തകരുകയും ചെയ്യും. സിഎംപിയും ജെഎസ്എസും തന്നെയാണ് ഈ പ്രവണതയുടെ സമീപകാല ഉദാഹരണങ്ങൾ. ആർഎംപിഐയും അതിന് അപവാദമാകാന്‍ വഴിയില്ല.

എന്നാൽ രമക്കെതിരെ ‘വലതുപക്ഷ കോണ്‍ഗ്രസ് ബന്ധം’ എന്ന ആരോപണം ഉന്നയിക്കാൻ സിപിഎമ്മിന് ധാർമിക അവകാശമുണ്ടോ എന്നതും ചോദ്യമാണ്. 33 കൊല്ലം ഇടതുമുന്നണി ഭരിച്ച പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് നേർക്കുനേര്‍ പോരാട്ടം. ഇടതുപക്ഷം അവിടെ അപ്രധാനമായ ഒരു സാന്നിധ്യമായി മാറിയിരിക്കുന്നു. ഇത് മറികടക്കാന്‍ കോൺഗ്രസുമായി ചേർന്ന് തൃണമൂലിനെതിരെ പോരാടുകയാണ് സിപിഎമ്മും ഇടതുപക്ഷവും.

Left- Congress- ISF joint rally in Kolkatha Pic C: The week
Left- Congress- ISF joint rally in Kolkata Pic C: The week

ഇനി യുഡിഎഫിലെ വർഗീയ കക്ഷിയെന്ന് സിപിഎം ആരോപിക്കുന്ന മുസ്ലിം ലീഗുമായി ആർഎംപിഐ സഖ്യത്തിലാണ് എന്ന് ആരോപണമുയര്‍ന്നേക്കാം. പക്ഷെ ബംഗാളിലെ കോൺഗ്രസ്- സിപിഎം സഖ്യത്തിൽ ‘തീവ്ര വർഗീയ കക്ഷി’യെന്ന് ഇടതുപക്ഷത്തിന് കുറ്റപ്പെടുത്താവുന്ന അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് കൂടിയുണ്ട്. തൃണമൂലിന് ലഭിക്കുന്ന മുസ്ലിം വോട്ടുകൾ ഐഎസ്എഫിലൂടെ ഭിന്നിച്ചാൽ നേട്ടം ബിജെപിക്കാവും. ത്രിപുരക്ക് പിന്നാലെ ബംഗാൾ പിടിക്കാനുള്ള ബിജെപി തന്ത്രങ്ങൾക്ക് സഹായകമാണ് ഇടതുപക്ഷ നീക്കമെന്ന് ചുരുക്കം.

ഇനി തമിഴ്നാട്ടിലെ ചിത്രമെടുക്കാം. അവിടെ ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ഒരുമിച്ചാണ് മത്സരിക്കുന്നത്. ആ മുന്നണിയിലെ ജൂനിയർ പാർട്ട്ണർമാരാണ് സിപിഎമ്മും സിപിഐയും. എ ഐഡിഎംകെ – ബിജെപി സഖ്യമാണ് എതിർപക്ഷത്തുള്ളത്.

അപ്പോൾ വലതുപക്ഷ പാളയത്തിൽ എത്തിയെന്ന രമക്കെതിരെ എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണത്തിന് ധാര്‍മിക പിന്‍ബലമില്ലാതെ വരുന്നു. പാർലമെൻ്ററി രാഷ്ട്രീയത്തിൽ ശത്രുവിൻ്റെ ശത്രു മിത്രമാകുന്നത് സ്വാഭാവികം മാത്രമെന്ന ന്യായം ആർഎംപി ഐക്കും ബാധകമാണ്. വടകരയിലെയും ഒഞ്ചിയത്തെയും മുഖ്യ ശത്രുവായ സിപിഎമ്മിനെ എതിർക്കാൻ അവർ യുഡിഎഫിൻ്റെ പിന്തുണ തേടുന്നു.

കെ കെ രമയുടെ സ്ഥാനാർത്ഥിത്വത്തിന് പ്രാധാന്യമേറുന്നത് കൊലപാതക രാഷ്ട്രീയത്തിൻ്റെ ഇരയായ ഒരാളുടെ സാന്നിധ്യം എന്ന നിലയ്ക്കാണ്. കണ്ണൂരും കോഴിക്കോടും കാസർകോടും ഉൾപ്പെട്ട മലബാർ മേഖല കൊലപാതക അക്രമ രാഷ്ട്രീയത്തിൻ്റെ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ്. 2000നും 2017 നും ഇടയിൽ മാത്രം 170 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നാണ് കണക്ക്. ഇതിൽ 85 സിപിഎം പ്രവത്തകരും 65 RSS പ്രവർത്തകരും 11 കോൺഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ടു. 80കളിൽ നടന്നത് ഇതിനേക്കാൾ ഭയാനകമായ കൊലപാതകങ്ങളും അക്രമങ്ങളുമാണ്. ഇതിൽ ഭൂരിഭാഗം അക്രമങ്ങളും മലബാർ മേഖലയിൽ തന്നെയാണ്.

മിക്കവാറും അക്രമങ്ങളിൽ ഒരു പക്ഷത്ത് സിപിഎം ഉണ്ടാകാറുണ്ട്- കൊല്ലപ്പെട്ടവരോ പ്രതികളോ ആയി. ആര്‍എസ്എസും കോൺഗ്രസും മുസ്ലിം ലീഗും പോപ്പുലർ ഫ്രണ്ടുമെല്ലാം മറുപക്ഷത്തുമുണ്ടാകും. ഒരാൾ പാർട്ടി വിട്ടതിനുള്ള പ്രതികാര നിര്‍വഹണം എന്നതാണ് ടി പി ചന്ദ്രശേഖരൻ വധത്തിൻ്റെ പ്രത്യേകത. പാർട്ടി വിട്ടാൽ കുലംകുത്തിയായി മാറുന്ന ഒരാളെ പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ കൊലപ്പെടുത്തിയ സംഭവം. അതുകൊണ്ടുകൂടിയാണ് ചന്ദ്രശേഖരനേറ്റ 51 വെട്ടുകൾ ഇടതുപക്ഷ അനുഭാവികളെ കൂടി നടുക്കിയത്.

സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമായിരുന്നപ്പോൾ വി എസ് അച്ചുതാനന്ദൻ ചന്ദ്രശേഖരന് നൽകിയ പിന്തുണയും സിപിഎമ്മിനെ അലട്ടിയിരുന്നു.  കൊലപാതകത്തിന് ശേഷം നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ചന്ദ്രശേഖരൻ്റെ വീട് സന്ദർശിച്ചത് വിവാദത്തിന് ഇടയാക്കി. സിപിഎമ്മിൽ വലിയ ചർച്ചകൾക്കാണ് ഈ കൊലപാതകവും തുടർ സംഭവങ്ങളും തുടക്കമിട്ടത്. പാർട്ടിയുടെ എതിരാളികൾക്ക് ശക്തമായ ആയുധമായിരുന്നു ടി പി വധം.

V S Achudanandan viisits TP Chandrasekharan's house
V S Achudanandan viisits TP Chandrasekharan’s house

കേരളീയ പൊതു സമൂഹത്തെ പിടിച്ചുലച്ച നിഷ്ഠുരമായ കൊലപാതകത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നതാണ് രമയുടെ സ്ഥാനാർത്ഥിത്വം. ആ നിലയിൽ ഇപ്പോഴും തുടരുന്ന കൊലപാതക അക്രമ രാഷ്ട്രീയം കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വടകര കാരണമാകുമെങ്കിൽ നല്ലതാണ്.

കൊലപാതക രാഷ്ട്രീയത്തിനെതിരായ എതിർപ്പുകൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ രമക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിന് കഴിയുമെങ്കിൽ കേവലം ഒരു യുഡിഎഫ് സ്ഥാനാർത്ഥി എന്നതിനപ്പുറമുള്ള ദൗത്യം കെ കെ രമക്കുണ്ടാകും. അഥവ വിജയിച്ചാൽ മറ്റേത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജയത്തേക്കാളും തിളക്കമുള്ളതാകും അത്.