Sun. Apr 28th, 2024
ന്യൂഡൽഹി:

രാജ്യസഭാ സീറ്റ് പി സി ചാക്കോയ്ക്ക് എന്ന അഭ്യൂഹം തള്ളി സിപിഎം. രണ്ട് സീറ്റും സിപിഎം എടുത്തേക്കും. ഇടതുമുന്നണിയിൽ സമവായത്തിന് ശ്രമം തുടരുകയാണ്. കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് അടുത്ത മാസം ഒഴിവ് വരുന്നത്. ഈ മാസം 31ന് മുമ്പ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത മാസം 12നായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. എന്തായാലും ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും രണ്ട് സീറ്റുകൾ എൽഡിഎഫിന് വിജയിക്കാം. ഇതിലൊരു സീറ്റ് പി സി ചാക്കോയ്ക്ക് നൽകും എന്ന നിലയിലാണ് അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, ഇടതുപാളയത്തിലേക്ക് വന്ന ഉടനെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നൽകുന്നത് ഉചിതമാവില്ല എന്നാണ് മുന്നണിവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഈ രണ്ട് സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണ ഉണ്ടാവേണ്ടതുണ്ട്. ഇപ്പോൾ തന്നെ സിപിഎമ്മിന് രാജ്യസഭയിൽ അം​ഗങ്ങൾ തീരെ കുറവാണ്. സിപിഐക്ക് കേരളത്തിൽ നിന്ന് ബിനോയ് വിശ്വം രാജ്യസഭാം​ഗമാണ്. അതുകൊണ്ട് സിപിഐ സീറ്റ് ചോദിക്കുകയാണെങ്കിലും സിപിഎം തന്നെ മത്സരിക്കാനാണ് സാധ്യത.

By Divya