Sun. Dec 22nd, 2024
കോഴിക്കോട്:

കോലീബി സഖ്യം ഉണ്ടായിരുന്നുവെന്നും അത് രഹസ്യമല്ലെന്നും ബിജെപി നേതാവ് എംടി രമേശ്. ഈ തിരഞ്ഞെടുപ്പിൽ കോലീബി മോഡൽ ഉണ്ടാവില്ല. അതൊരു പരാജയപ്പെട്ട സഖ്യമാണ്. കേരളത്തിൽ നിന്ന് പോയ പട്ടികയിൽ ബാലശങ്കറിന്റെ പേരുണ്ടായിരുന്നില്ല. അദ്ദേഹം കേന്ദ്ര തലത്തിൽ പ്രവർത്തിക്കുന്ന നേതാവാണ്.

മത്സരിക്കാൻ യോഗ്യനാണ്. നേമത്ത് ശക്തനായ എതിരാളി ശിവൻകുട്ടിയാണെന്നും കെ മുരളീധരൻ തൂക്കം കൊണ്ട് ശക്തനായേക്കാമെന്നും രമേശ് പരിഹസിച്ചു. ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാടിന് കടകംപള്ളി മറുപടി പറയേണ്ടിവരും. അത് കഴക്കൂട്ടത്ത് കാണാം. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രനെ നേരിടാൻ ഏറ്റവും ഉചിതയായ സ്ഥാനാർത്ഥിയാണ്.

ശബരിമല നിലപാട് സിപിഎം മാറ്റില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. സിപിഎമ്മിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട് വ്യത്യസ്തമാണ്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സിപിഎമ്മിന്. സിപിഎം ഇപ്പോൾ സ്വീകരിക്കുന്നത് വിശ്വാസികളെ വിഢികളാക്കുന്ന നിലപാടാണ്.

യെച്ചൂരിയുടെ നിലപാടാണോ മുഖ്യമന്ത്രിക്ക് എന്നത് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനും നയമില്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി. കേരളത്തിൽ മാത്രമാണോ മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വ്യക്തമാക്കണം. ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് കൊടുവള്ളി തിരഞ്ഞെടുത്തത് തന്നെ പിണറായി വിജയന്റെ നിലപാട് വ്യക്തമാകുന്നതാണ്. മുഖ്യമന്ത്രിയുടെ മനസ് സ്വർണ്ണക്കള്ളക്കടത്ത് സംഘത്തോടൊപ്പമാണ് എന്നതിന്റെ തെളിവാണിത്.

By Divya