Wed. Jan 22nd, 2025
Anonymus letter from staranger

കൊച്ചി:

കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല ചുവയുള്ള കത്തുകളയച്ച് അജ്ഞാതന്‍. വനിത മാധ്യമപ്രവര്‍ത്തകരെ കൂടാതെ ചുരുക്കം ചില പുരുഷന്മാര്‍ക്കും കത്ത് രൂപത്തില്‍ അശ്ലീല സന്ദേശം ലഭിക്കുന്നുണ്ട്. വര്‍ഷങ്ങളായി അജ്ഞാതന്‍റെ വേര്‍ബല്‍ റേപ്പിന് ഇരയാകുന്ന മാധ്യമപ്രവര്‍ത്തകരുമുണ്ട്.

പൊലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയുമില്ല. പേരോ വിലാസമോ ഇല്ലാത്ത ലൈംഗീക ചുവയുള്ള കത്ത് പലതവണ ലഭിച്ചതായി മാതൃഭൂമി ഡോട്ട് കോമിലെ മാധ്യമപ്രവര്‍ത്തക നിലീന അത്തോളിയാണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സമാനമായ ദുരനുഭവം പങ്കുവെച്ച് പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ രംഗത്തെത്തിയത്.

പത്തും പതിനഞ്ചും പേജുള്ള കത്തുകളാണ് ഇയാള്‍ അയക്കുന്നത്. വര്‍ഷങ്ങളായി ഇയാളുടെ കത്തുകള്‍ ലഭിക്കുന്നവര്‍ വരെ പ്രതികരിച്ചവരിലുണ്ട്. പലരും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കത്ത് അയക്കുന്ന ആളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ നാലുവര്‍ഷമായി ഇ അജ്ഞാതന്‍റെ കത്തുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ദീപിക പത്രത്തിലെ വനിത എഡിറ്ററുള്‍പ്പെടെ കമന്‍റിലൂടെ പറയുന്നുണ്ട്. 2017 മുതല്‍ ഇയാളുടെ കത്തുകള്‍ ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്.

https://www.youtube.com/watch?v=XTzgpr_NTQs

നിലീന അത്തോളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യമായി കിട്ടിയ അശ്ലീല സ്തീവിരുദ്ധ ഭീഷണികത്ത് ദിലീപ് വിഷയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പണ്ട് ദിലീപിനെ പിന്തുണച്ചുകൊണ്ട് ജയിലിലേക്ക് പ്രമുഖര്‍ ഒഴുകിയപ്പോള്‍ ‘കുറ്റാരോപിതന്‍ ആപത്തില്‍ പെട്ടവനും നടി ഇരയുമായ സിനിമാക്കാലം’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പത്രത്തിലെഴുതിയിരുന്നു.ആ സമയത്താണ് ആദ്യമായി ഒരു സ്ത്രീ വിരുദ്ധ അശ്ലീല ഭീഷണിക്കത്ത് എന്നെത്തേടിയെത്തുന്നത്. അതന്ന് പല മാധ്യമങ്ങളിലും വാര്‍ത്തയുമായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി സി.പിനായര്‍ അടക്കമുള്ള പ്രമുഖരായവരുടെയും അല്ലാത്തവരുടെയും അഭിനന്ദന കത്തുകള്‍ കിട്ടിയതിനാല്‍ തന്നെ അതിനിടയില്‍ വന്ന ആ അശ്ലീലക്കത്തിനെ അവഗണിച്ചുവിടുകയായിരുന്നു. പക്ഷെ ഇപ്പോള്‍ എന്നെ അലട്ടുന്നതിതൊന്നുമല്ല.

എപ്പോഴൊക്കെ എനിക്ക് അവാര്‍ഡ് കിട്ടുന്നോ എപ്പോഴൊക്കെ എന്റെ ആര്‍ട്ടിക്കിള്‍ പത്രത്തിലോ ഗൃഹലക്ഷ്മിയിലോ മറ്റ് മാതൃഭൂമി വെര്‍ട്ടിക്കലുകളിലോ വരുന്നോ അപ്പോഴൊക്കെ ഭീകരമായവിധം അശ്ലീലം കലര്‍ന്ന കത്ത് തുടര്‍ച്ചയായി ഒരേയാളില്‍ നിന്ന് എനിക്ക് കഴിഞ്ഞ ഏതാനും വര്‍ഷമായി കിട്ടിക്കൊണ്ടിരിക്കുകയാണ്. അശ്ലീലമെന്നൊക്കെ പറഞ്ഞാല്‍ അശ്ലീത്തിന്റെ അങ്ങേയറ്റമാണ് കത്തുകള്‍. വീര്യം കൂടിയ ഓക്കാനമുണ്ടാക്കുന്ന അശ്ലീലം ചുവന്ന മഷികൊണ്ടെഴുതുന്നത് അയാളുടെ ഒരു ശീലമാണ്. പല കത്തുകളും മുഴുവനും വായിച്ചിട്ടില്ല. പ്രത്യേകിച്ച് 20ഉം 10ഉം പേജുകളൊക്കെയുള്ള കത്ത് വായിക്കാനുള്ള സമയമൊന്നും എനിക്കില്ല എന്നത് തന്നെ കാരണം. ഞരമ്പുരോഗിയുടെ ജല്പനമായി അവഗണിച്ചു വിടുകയായിരുന്നു ഇത്രനാളും ആ കത്തുകളത്രയും.

എന്നാല്‍ അടുത്ത കാലത്തായി വരുന്ന കത്തുകളുടെ മട്ടും ഭാവവും മാറി. ഒരു തരം വെര്‍ബല്‍ റേപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പത്രത്തില്‍ വരുന്ന എന്റെ ഫോട്ടോയെ റേപ് ചെയ്ത വിധം വരെ അതിലുണ്ട്. അത്രമാത്രം ഭീതിതമായ ഭാവനകളാണയാള്‍ക്ക്. എന്നെ ആശങ്കപ്പെടുത്തിയതിതൊന്നുമല്ല. അയാള്‍ അയാളുടെ അമ്മയെ റേപ് ചെയ്ത വിവരവും ഒരു ദിവസം എനിക്ക് കിട്ടിയ കത്തിലുണ്ടായിരുന്നു. ഭാവനയാകാം അല്ലാതെയുമിരിക്കാം. എന്നിരുന്നാലും അയാളുടെ വീട്ടിലെ അമ്മയടക്കമുള്ള പെണ്ണുങ്ങള്‍ നേരിടുന്ന ഗാര്‍ഹിക ലൈംഗിക പീഡനം എന്തായിരിക്കുമെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അങ്ങിനെയൊരാളില്‍ നിന്ന് ഒരു പറ്റം സ്ത്രീകളെ രക്ഷിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. അവര്‍ അവഗണിക്കാനൊന്നും പറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. പേരും ഊരുമൊന്നുമില്ല കത്തില്‍. ഒരു കത്തിന്റെ ഉറവിടം മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യയൊന്നും ഈ നാട്ടിലില്ലേ. വിവാദവും വാര്‍ത്തയുമൊന്നുമാവേണ്ട. എനിക്ക് ഈ വിഷയത്തിലൊരു പരിഹാരം വേണം. അയാളുടെ വീട്ടില്‍ സ്ത്രീകളുണ്ടെങ്കില്‍ അവരെ അയാളില്‍ നിന്ന് രക്ഷിക്കണം. അതാണെന്റെ ആവശ്യം. അത് മാത്രം. പറ്റുമെങ്കില്‍ അയാള്‍ക്ക് മാനസികാരോഗ്യ ചികിത്സയും. അയാള്‍ക്കു ചുറ്റുമുള്ള പെണ്ണുങ്ങളെ രക്ഷിക്കാനും നടക്കാന്‍ സാധ്യതയുള്ള റേപ്പുകള്‍ തടയാനും ആ ഒരു പോംവഴി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. സഹായിക്കണം നമുക്കവരെ.

By Binsha Das

Digital Journalist at Woke Malayalam