Mon. Dec 23rd, 2024
റിയാദ്:

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവും പത്ത് ലക്ഷ റിയാല്‍ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അനധികൃത താമസക്കാര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്ന വാഹനങ്ങളും താമസ സ്ഥലം അനുവദിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടും. ഈ വാഹനങ്ങളും പാര്‍പ്പിടങ്ങളും മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണെങ്കില്‍ നിയമലംഘകര്‍ക്ക് 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. അനധികൃത താമസക്കാരെ സഹായിക്കുന്നത് വിദേശികളാണെങ്കില്‍ അവരെ നാടുകടത്തും.

ഇത്തരം കേസുകളില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി കേസുകള്‍ ക്രിമിനല്‍ കോടതിക്ക് കൈമാറും. പുതിയ വ്യവസ്ഥകള്‍ 15 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരുമെന്നും അതിന് മുമ്പ് അനധികൃത താമസക്കാരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ശിക്ഷകളില്‍ നിന്ന് ഒഴിവാകാമെന്നും അധികൃതര്‍ അറിയിച്ചു.

By Divya