Wed. Nov 6th, 2024
Uttarakhand train runs in reverse for 35 kilometres

ന്യൂഡല്‍ഹി:

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍.ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

വലിയൊരു ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ട്രെയിന്‍ പിറകോട്ട് ഓടുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറിയാണ് പുറകോട്ട് സഞ്ചരിച്ചത്. അമിത വേഗതയിലാണ് ട്രെയിന്‍ പിറകിലേക്ക് ഓടിയത്. അവസാനം ഉത്തരാഖണ്ഡിലെ  ഖാട്ടിമ എന്ന സ്ഥലത്ത് എത്തിയാണ് ട്രെയിന്‍ നിന്നത്.

തനക്പൂരിലേക്ക് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവേ പാളത്തിന് കുറുകെ കന്നുകാലികളുടെ കൂട്ടം ചാടിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചത്. ട്രെയിന്‍ നില്‍ക്കേണ്ടതിന് പകരം അമിത വേഗതയില്‍ പിറകോട്ട് പായുകയായിരുന്നു.

സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതമായി തനക്പൂരിലേക്ക് എത്തിയതായും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അന്വേഷണവിധേയമായി ലോക്കോ പൈലറ്റിനെയും ഗാര്‍ഡിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

https://www.youtube.com/watch?v=7T6Eugg4xcE

By Binsha Das

Digital Journalist at Woke Malayalam